ശൈഖുനായെ ഖബറടക്കി; അന്ത്യവിശ്രമം കോട്ടൂമല ഉസ്താദിന്റെ മഖ്ബറയോട് ചേര്‍ന്ന്
ശൈഖുനാ കാളമ്പാടി ഉസ്താദിന് നാട്ടിലെ പള്ളിയില്‍ ഇനി നിത്യവിശ്രമം. പള്ളിയുടെ തെക്ക് ഭാഗത്ത് കോട്ടുമല ഉസ്താദിന്റെ മഖ്ബറയോടു ചേര്‍ന്നാണ് ശൈഖുനായെ മറമാടിയത്. രാവിലെ കോംപ്ലക്സ് പരിസരത്ത് നടന്ന അവസാന ജനാസ നമസ്കാരത്തിന് ശേഷം മയ്യിത്ത് ഖബറടക്കാനായി പള്ളിമഖ്ബറയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശിഷ്യരും പൊതുജനങ്ങളുമടക്കം ആയിരങ്ങള്‍ ജനാസയെ പിന്തുടര്ന്നു.
ഖബറടക്കത്തിന് സമസ്തയുടെ പണ്ഡിതന്മാരും നേതാക്കളും സന്നിഹിതരായിരുന്നു. ജനത്തിരിക്ക് കാരണം പൊതുജനങ്ങള്‍ക്ക് ഖബറിനടുത്തേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരിസരത്തെ റോഡിലും മറ്റുമായി അവര്‍ തങ്ങളുടെ നേതാവിനെ ഖബറടക്കുന്നതിന് സാക്ഷ്യം വഹിച്ചു.
രാവിലെയും ജനാസ കാണാന്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും പൊതുജനങ്ങളുടെ പ്രവാഹമായിരുന്നു. ഇന്ത്യന്‍ സമയം ഒമ്പതുമണിക്ക് നടന്ന അവസാന ജനാസ നിസ്കാരത്തിന് കാഞ്ഞങ്ങാട് ഖാദി ജിഫ്രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്കി. കോഴിക്കോട് ഖാദി സയ്യിദ് അഹ്മദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
ഇന്നലെ വിശുദ്ധഹറമിലും ഉസ്താദിന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനയും നടന്നു. കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയ ഹാജിമാര്‍, കെ.എം.സി.സിയുടെയും ഇസ്ലാമിക് സെന്ററിന്റെയും പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം പ്രാര്‍ഥനക്ക് സംബന്ധിച്ചു. സമസ്ത് വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ലിയാര് നിസ്കാരത്തിന് നേതൃത്വം നല്കി.
ഇന്നലെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഖത്തര്‍ ഇസ്ലാമിക് സെന്ററിനു കീഴില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനും അനുസ്മരണ പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി നേതൃത്വം നല്കി
ശൈഖുനായുടെ പേരില്‍ സമസ്ത നാളെ മലപ്പുറത്ത് പ്രത്യേക പ്രാര്ഥനാമജലിസ് സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് സുന്നിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിരവധി പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും.