Wednesday, 10 July 2013

 പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍
(ജന. സെക്രട്ടറി, സമസ്ത കേരള സുന്നീ യുവജന സംഘം, പ്രിന്സിപാല്‍ ജാമിഅ: നൂരിയ്യ: അറബിയ്യ:, ജോ. സെക്രെട്ടറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ, ചീഫ്‌ എഡിറ്റര്‍ സുന്നി അഫ്കര്‍ വാരിക) 

  
ലോക മുസ്ലിംകളുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്യിച്ച് വീണ്ടും ഒരു റമദാന്‍കൂടി സമാഗതമായി. ഈ പവിത്രമാസത്തെ പ്രതീക്ഷിച്ച് വീടും പരിസരവും പള്ളിയുമൊക്കെ വൃത്തിയാക്കിയവര്‍ ഇനി ഹൃദയശുചീകരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ക്ഷമയുടെയും കാരുണ്യത്തിന്‍െറയും പരസ്പരസ്നേഹത്തിന്‍െറയും മഹിതസന്ദേശവുമായി കടന്നുവരുന്ന റമദാന്‍ അനിര്‍വചനീയ ആത്മീയാനുഭൂതിയാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്.
മഹത്ത്വങ്ങളുടെ മാസമായ റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന വ്രതാനുഷ്ഠാനംതന്നെയാണ്. വ്രതത്തിലൂടെ നേടിയെടുക്കുന്ന ഒട്ടനേകം സുകൃതങ്ങള്‍ ഈ മാസത്തിന്‍െറ പ്രസക്തി വര്‍ധിപ്പിക്കുന്നു. സ്രഷ്ടാവിന്‍െറ സാമീപ്യത്തിന് വിശ്വാസികള്‍ക്ക് സാധ്യമാകുന്ന വേളയാണിത്.
ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാല്‍ ഖുര്‍ആനിന്‍െറ മാസമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. ബദ്റിന്‍െറ ധീരചരിത്രം പറയുന്ന മഹത്തുക്കളായ ശുഹദാക്കളുടെ വീരസ്മരണകള്‍ക്കും ഈ പരിശുദ്ധ മാസം സാക്ഷിയാണ്. ഉത്കൃഷ്ടരാത്രി ‘ലൈലത്തുല്‍ ഖദ്ര്‍’ കൂടിയാവുമ്പോള്‍ റമദാനിന്‍െറ പവിത്രത അതിന്‍െറ പാരമ്യതയിലെത്തുന്നു. ആരാധനാകര്‍മങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹു വര്‍ധമാനമായി നല്‍കുമ്പോള്‍ സത്യവിശ്വാസിക്ക് ആരാധനാ നിമഗ്നമാവാനുള്ള അവസരമാണ് ലഭിക്കുന്നത്. വിശുദ്ധമായ പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നതിലൂടെ ലഭ്യമാവുന്ന ദൈവപ്രീതി വിശ്വാസത്തിന്‍െറ മാറ്റ് കൂട്ടുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളുടെ കൊയ്ത്തുകാലമാണ് റമദാന്‍.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ധര്‍മനിഷ്ഠ(തഖ്വ)യുള്ളവരായിരിക്കാന്‍ വേണ്ടി’ (വി.ഖു. 2:183). നിതാന്തമായ ദൈവബോധവും ദൈവഭക്തിയും ധര്‍മബോധവും, പിശാചിന്‍െറ ദുര്‍ബോധനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സഹായകമാവുന്ന നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവുമാണ് തഖ്വ. എന്നാല്‍, തഖ്വയെന്ന ഈ ആത്മീയബോധത്തിന്‍െറ ചൈതന്യം ഏറെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഇസ്ലാമിലെ ആരാധനയാണ് റമദാനിലെ വ്രതം. നോമ്പിന്‍െറ ലക്ഷ്യവും ഫലവും തഖ്വയാണെന്ന ഖുര്‍ആനിക പ്രഖ്യാപനം അതിലേക്ക് വെളിച്ചംവീശുന്നു. ദൈവപ്രീതിയും പ്രതിഫലവും ലഭ്യമാക്കി; ജഡികചോദനകളെ നിയന്ത്രിച്ചും പാപപ്രലോഭനങ്ങളെ അതിജയിച്ചും ആരാധനകളും സുകൃതങ്ങളും വര്‍ധിപ്പിച്ചും നോമ്പുകാരന്‍ റമദാനില്‍ മറ്റു മാസങ്ങളില്‍ നേടാനാവാത്ത തരത്തിലുള്ള ആത്മസംയമനവും ആധ്യാത്മിക ഔത്യവും ജീവിതവിശുദ്ധിയും ദൈവസാമീപ്യവും ആര്‍ജിക്കുന്നു. ദൈവഭക്തിയിലധിഷ്ഠിതമായ ഈ പാവനജീവിതം അധര്‍മജടിലവും പാപകലുഷവും അശാന്തവുമായ ആധുനികകാലത്ത് പ്രസക്തമാണ്.
ഇതര ആരാധനാരീതികളില്‍നിന്ന് ഏറെ ഭിന്നവും സവിശേഷതകള്‍ നിറഞ്ഞതുമായ ഒരു ആരാധനയാണ് നോമ്പ്. അല്ലാഹുവും അവന്‍െറ അടിമയും മാത്രമറിയുന്ന അതീവരഹസ്യമായ ആരാധനയാണത്. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇപ്രകാരം പറഞ്ഞതും: ‘നോമ്പ് എനിക്കുള്ളതാണ്; അതിന് ഞാനാണ് പ്രതിഫലം നല്‍കുക. കാരണം, എനിക്കു വേണ്ടിയാണവന്‍ ആഹാരവും വികാരവും മാറ്റിവെച്ചത്’ (ബുഖാരി, മുസ്ലിം).
ലോക മുസ്ലിംകള്‍ വ്രതമനുഷ്ഠിച്ച് റമദാനില്‍ സായുജ്യരാവുമ്പോള്‍, ഹിന്ദുമതത്തിന്‍െറ അനുയായികള്‍ വിദ്യാപൂജയും ക്രിസ്ത്യാനികള്‍ പെരുന്നാള്‍ വ്രതവുമെല്ലാം ആചരിച്ച് ആത്മസംതൃപ്തി അടയുന്നു. ശാരീരിക-മാനസിക നിയന്ത്രണത്തിന്‍െറ വ്രതസന്ദേശം മതങ്ങള്‍ക്കതീതമായി മാനവലോകം ഉള്‍ക്കൊള്ളുന്നുവെന്ന് സാരം. ദാരിദ്ര്യദു$ഖത്തിന്‍െറ കൊടും തീവ്രത മനസ്സിലാവണമെങ്കില്‍ വിശപ്പ് എന്താണെന്ന് നാമറിയണം. ജാതി-മത-വര്‍ണ-ദേശ-ഭാഷകള്‍ക്കതീതമായി അതിന്‍െറ ഭാഷ ഒന്നുതന്നെയാണ്. നാഥനായ അല്ലാഹുവിന്‍െറ മുന്നില്‍ സൃഷ്ടികള്‍ എല്ലാവരും തുല്യരാണെന്ന സഹവര്‍ത്തിത്വത്തിന്‍െറയും പാരസ്പര്യത്തിന്‍െറയുംകൂടി സാമൂഹികപാഠം നോമ്പ് പ്രദാനം ചെയ്യുന്നു.
ഇസ്ലാം അനുശാസിക്കുന്ന സകാത് ആഗോള സമ്പദ്ഘടനയെപ്പോലും വെല്ലുവിളിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയാണല്ലോ. ദാനധര്‍മങ്ങള്‍ ധനികന്‍ ദരിദ്രന് നല്‍കുന്നതിലൂടെ സാമൂഹിക സമത്വത്തിന്‍െറ രീതിശാസ്ത്രമാണ് ദര്‍ശിക്കാനാവുന്നത്. ഇത്തരം ശ്രേഷ്ഠകര്‍മങ്ങള്‍ക്ക് വിശ്വാസികള്‍ റമദാനെ തെരഞ്ഞെടുക്കുമ്പോള്‍ പുണ്യങ്ങള്‍ക്കുള്ള പ്രതിഫലങ്ങള്‍ യഥേഷ്ടം നേടാനുള്ള സൗഭാഗ്യമാണ് ലഭിക്കുന്നത്.
ക്ഷമയും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിന്‍െറ മുഖമുദ്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിയല്‍ മാത്രമല്ല വ്രതംകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യുത, കാമ-കോപ-ക്രോധാദി വികാരങ്ങളെ നിയന്ത്രിക്കുകയും മുഴുവന്‍ അവയവങ്ങളെയും അരുതായ്മകളില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്താല്‍ മാത്രമേ നോമ്പിന്‍െറ പരിപൂര്‍ണ പ്രതിഫലം പ്രതീക്ഷിക്കാന്‍ കഴിയൂ. തിരുമേനി പ്രസ്താവിച്ചു: ‘നോമ്പ് പരിചയാണ്; അതിനാല്‍, നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കില്‍ അവന്‍ അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനെ ചീത്തപറയുകയോ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്നവര്‍ പറയണം.’ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വര്‍ജിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന വിശ്രമം മനുഷ്യന്‍െറ ആരോഗ്യവ്യവസ്ഥക്ക് ഏറെ ഉപകരിക്കുമെന്നും ശാരീരികാവയവങ്ങള്‍ക്ക് ഉണര്‍വും ഉത്തേജനവും നല്‍കാന്‍ അതേറെ പര്യാപ്തമാണെന്നും വൈദ്യശാസ്ത്രം വിലയിരുത്തുന്നുണ്ട്. ശാരീരിക-മാനസിക ത്യാഗത്തിന്‍െറ സന്ദേശമാണ് നോമ്പ് ഇതിലൂടെ ബോധ്യപ്പെടുത്തിയത്.
‘ത്യാഗമെന്നതേ നേട്ടം
താഴ്മതാന്‍ അഭ്യുന്നതി’ എന്ന് വള്ളത്തോള്‍ പാടിയതും
‘നമിക്കിലുയരാം
നടുകില്‍ തിന്നാം
നല്‍കുകില്‍ നേടീടാം’ എന്ന് ഉള്ളൂര്‍ പാടിയതുമൊക്കെ നോമ്പിന്‍െറ ഈ അനുഷ്ഠാനാര്‍ഥത്തെ പുരസ്കരിച്ചുകൊണ്ടാണ്.
വ്രതത്തിലൂടെ സത്യവിശ്വാസി സ്വായത്തമാക്കുന്ന വിശുദ്ധി ആത്മാവിന്‍െറ വെളിച്ചമാണ്. ഹൃദയത്തില്‍ നന്മയുടെ വിളക്കായാണത് ജ്വലിക്കുന്നത്.
ഒരാള്‍ അന്ധന് വിളക്ക് നല്‍കി. എന്നിട്ട് പറഞ്ഞു: ‘ഈ രാത്രിയില്‍ നടന്നുപോകുമ്പോള്‍ കൈയിലൊരു വിളക്ക് ഇരിക്കട്ടെ.’
‘അന്ധനായ എനിക്ക് വിളക്കുകൊണ്ടെന്ത് പ്രയോജനം?’ -അന്ധന്‍ പരിതപിച്ചു.
‘താങ്കള്‍ക്ക് കാഴ്ചയില്ലെങ്കിലും കാഴ്ചയുള്ളവര്‍ വരുമ്പോള്‍ വിളക്ക് കണ്ട് വഴിമാറിത്തരുമല്ലോ?’
വളരെ നല്ല കാര്യം -അന്ധന്‍ സ്വയം സമാശ്വസിച്ചു.
അന്ധന്‍ ശരറാന്തലും തൂക്കി രാത്രിയില്‍ നടന്നു. കുറച്ചുദൂരം ചെന്നതേയുള്ളൂ. ഒരാള്‍ ദേഹത്ത് വന്നുമുട്ടി.
രോഷാകുലനായി അന്ധന്‍ ചോദിച്ചു: ‘എന്‍െറ കൈയിലെ വിളക്ക് താന്‍ കണ്ടില്ലേ?’ ഉടനെ യാത്രികന്‍ പ്രതിവചിച്ചു: ‘ക്ഷമിക്കണം സ്നേഹിതാ! താങ്കളുടെ കൈയിലെ വിളക്ക് എപ്പോഴോ അണഞ്ഞുപോയിരിക്കുന്നു.’
ആത്മക്കാഴ്ചയില്ലാത്തവന്‍ അന്ധന്‍െറ കൈയിലെ വിളക്കുപോലെയാണ്. സൂര്യഗോളംതന്നെ കിട്ടിയാലും അന്ധന് ഗുണമില്ലാത്തതുപോലെയാണ് ഹൃദയത്തില്‍ സദ്ഗുണങ്ങളുടെ പ്രകാശമില്ലാത്തവന്‍.
നോമ്പ് ശരീരം മുഴുക്കെ പങ്കെടുക്കുന്ന ആത്മാവിന്‍െറ അനുഷ്ഠാനമാണ്. വിശ്വാസി അതിനെ ആത്മാവിന്‍െറ വസന്തവും ആനന്ദവുമാക്കി മാറ്റുന്നു. റമദാന്‍ വരുന്നുണ്ടെന്നറിഞ്ഞ് ആരെങ്കിലും സന്തോഷിച്ചാല്‍ അവന് അല്ലാഹു നരകം വിലക്കിയിരിക്കുന്നുവെന്ന് വിശുദ്ധ റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിലെ സന്തോഷാതിരേകത്തിന്‍െറ അനുഭവത്തെ അല്ലാഹു ഏറ്റെടുക്കുന്നുവെന്നത് നോമ്പുകാരനോടുള്ള സ്രഷ്ടാവിന്‍െറ ആഭിമുഖ്യം വ്യക്തമാക്കുന്നു. പ്രവാചകന്‍ പറയുന്നു: ‘രണ്ട് ആഹ്ളാദങ്ങളാണ് നോമ്പുകാരനുള്ളത്: ഒന്ന്, നോമ്പുതുറക്കുന്നതിന്‍െറ ആഹ്ളാദം. മറ്റൊന്ന്, അവന്‍െറ റബ്ബിന്‍െറ തിരുദര്‍ശന സമയം.’
ഇമാം ഗസ്സാലി പറയുന്നു: ‘ധിഷണാശാലികളുടെ ആരാധന സ്രഷ്ടാവിന്‍െറ സൗന്ദര്യഗാംഭീര്യത്തോടുള്ള അടങ്ങാത്ത അനുരാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വര്‍ഗത്തെയും സ്വര്‍ഗാനുഗ്രഹങ്ങളെയുമല്ല അവര്‍ കാംക്ഷിക്കുന്നത്. അല്ലാഹു മാത്രമാണവരുടെ ലക്ഷ്യം. റമദാന്‍ അല്ലാഹുവിന്‍െറ തിരുദര്‍ശനത്തിനുള്ള കര്‍മവേദികൂടിയാണ്.
കര്‍മനൈരന്തര്യത്തിലൂടെ ദൈവപ്രീതിക്കുവേണ്ടി പ്രാര്‍ഥനാനിരതരായി റമദാനിനെ ധന്യരാക്കുന്നവര്‍ക്ക് വിജയമന്ദഹാസത്തിന് അത് അവസരം നല്‍കുന്നു. വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മവിശുദ്ധി ഭാവിജീവിതത്തിലും കാത്തുസൂക്ഷിക്കാന്‍ സാധ്യമാവണം. ആരാധനാകര്‍മങ്ങളുടെ ഉള്‍സാരമറിഞ്ഞ് ആരാധനകള്‍ നിര്‍വഹിച്ച് നന്മയുടെ വാഹകരാവുക എന്നതാണ് റമദാന്‍ നല്‍കുന്ന സന്ദേശം.

Wednesday, 19 June 2013

കര്‍മ്മ വീഥിയില്‍ കരുത്തോടെ ഈ നായകന്‍

ഇന്നലെ വിടപറഞ്ഞ സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ ശൈഖുനാ ടി.കെ.എം ബാവ മുസ്‌ലിയാര്‍, മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'അല്‍ഇര്‍ഷാദ്‌' ദ്വൈമാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും.
ദീര്‍ഘ സംഭാഷണം 
ശംസൂദ്ധീന്‍ ചേരൂര്‍, സുഹൈല്‍ പൊവ്വല്‍
ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍… രണ്ടരപതിറ്റാണ്ടിലേറെയായി കാസര്‍കോട് മുസ്‌ലിംകള്‍ കേട്ടു പരിചയിച്ചൊരു പേരാണിത്. ആയിരക്കണക്കിനാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വിവാഹങ്ങള്‍ നടത്തിക്കുകയും ചെയ്യുന്ന ടി.കെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെന്ന ബാവ മുസ്‌ലിയാര്‍ കാസര്‍കോട്ടുകാരുടെ സ്വന്തം ഖാളിയാര്‍ച്ചയാണ്.
ലക്ഷങ്ങള്‍ നിറഞ്ഞ് കവിയുന്ന സമസ്തയുടെ സമ്മേളനങ്ങള്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളോടെ തുടക്കം കുറിക്കുന്നത് നമ്മുടെ ഖാളിയാര്‍ച്ചയാണ്. ”അല്ലാഹുമ്മ ദമ്മിര്‍ അഅ്ദാഅനാ” എന്ന് ഉസ്താദ് ദുആ ചെയ്യുമ്പോള്‍ ആമീന്‍ പറയുന്നത് ഉലമാക്കളെയും മഹാന്മാരെയും കൊണ്ട് നിറഞ്ഞ വലിയ സദസ്സായിരിക്കും. സമസ്തയുടെ ‘മുസ്തജാബുദ്ദുആ’യാണ് ഉസ്താദ്. കേരളത്തിനകത്തും പുറത്തും…ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഒമ്പതിനായിരത്തോളെ മദ്രസകളിലായി 10 ലക്ഷത്തോളം മുസ്‌ലിം കുരുന്നുകള്‍ക്ക് ദീനിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന മഹത്തായ മദ്രസാ സംവിധാനം, അതിന്റെ ചുക്കാന്‍ പിടിക്കുന്ന, സ്വാതികരായ പണ്ഡിതമഹത്തുക്കള്‍ തുടങ്ങിവെച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡെന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ പ്രസിഡന്റും കൂടിയാണ് ടി.കെ.എം ബാവ മുസ്‌ലിയാര്‍.
പാണ്ഡിത്യത്തിന്റെ നിറകുടം, ഈമാന്റെ പ്രഭചൊരിയുന്ന മുഖം, അഹംഭാവത്തിന്റെ ലാജ്ഞന പോലുമില്ലാത്ത സൗമ്യമായ പെരുമാറ്റം, വാര്‍ദ്ധക്യവും അസുഖങ്ങളും ബുദ്ധിമുട്ടിക്കുമ്പോഴും ദീനിന് വേണ്ടി നീക്കി വെച്ച ജീവിതം…പക്ഷെ നാട്ടുകാരുടെ പ്രീയ്യപ്പെട്ട ഖാളിയാര്‍ച്ച നമ്മുടെ നാട്ടുകരനല്ലെന്ന് പലര്‍ക്കും അറിയില്ല. കാല്‍നൂറ്റാണ്ടിലധികമായി കാസര്‍കോട് ചരിത്രം ഉറങ്ങുന്ന, കേരളത്തില്‍ ഇസ്‌ലാമിന്റെ ആരംഭകാലഘട്ടത്ത് തന്നെയുണ്ടാക്കപ്പെട്ട പുരാതനമായ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ ഓരത്തായി ”ഖാസി റൂം” എന്നെഴുതി വെച്ച ചെറിയ റൂമിലായിരുന്നു ഉസ്താദിന്റെ ജീവിതം.
ഇന്നിപ്പോള്‍ ഉസ്താദ് കാസര്‍കോട് മുസ്‌ലിംകളുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. മഹല്ലത്തുകളുടെ മാതൃകാ പുരുഷനും നിരന്തര സാനിദ്ധ്യവുമാണുസ്താദ്. നാടിന്റെ സര്‍വ്വ ഉണര്‍വ്വിലും ഖാളിയാര്‍ച്ച ഒപ്പമുണ്ടാകുന്നു.
സമസ്ത ഫത്‌വ കമ്മിറ്റിയില്‍ ആദ്യകാല മുഫ്തിയായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാരടക്കമുള്ള മഹാന്മാരായ നിരവധി പണ്ഡിതര്‍ കടന്നുവന്ന തൊണ്ടിക്കോടന്‍ തറവാട്ടില്‍ നിന്ന് മലപ്പുറം ജില്ലയിലെ വെള്ളിമുക്ക് എന്ന സ്ഥലത്ത് പ്രശസ്ത പണ്ഡിതനായിരുന്ന ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മകനായി ജനിച്ചു. ഉപ്പാപ്പയുടെ (മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍) അടുത്തായിരുന്നു കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. പേരക്കുട്ടിയുടെയും ഉപ്പാപ്പയുടെയും പേര് ഒന്നായതിനാല്‍ എല്ലാവരും ബാവയെന്ന് വിളിച്ചു. അങ്ങനെയാണാ പേര് വന്നത്.
‘അല്‍ ഇര്‍ഷാദിന്’ വേണ്ടിയുള്ള അഭിമുഖത്തിനായി ഉസ്താദിന്റെ റൂമിലെത്തിയപ്പോള്‍ ഉസ്താദ് ബാത്ത്‌റൂമിലായരുന്നു. കുളിയും ളുഹാ നിസ്‌കാരവും കഴിഞ്ഞ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉസ്താദ് മറുപടി പറഞ്ഞ്തുടങ്ങി.
ഉസ്താദിന്റെ പഠനവും ഉസ്താദുമാരും?
ഉപ്പാപ്പയുടെ അടുത്ത് നിന്നാണ് ആദ്യം കിതാബോതിയത്. സ്‌കൂളൊന്നും ഇല്ലാത്ത കാലമാണ്. പള്ളിക്കൂടത്തില്‍ പോകുമായിരുന്നു. വെള്ളിമുക്ക് ദര്‍സിലാണ് ഉപ്പാപ്പ് ദര്‍സ് നടത്തിയിരുന്നത്. പിന്നീട് അന്നറിയപ്പെട്ട വലിയ ദര്‍സായിരുന്ന കോമു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കോട്ടുമല ഉസ്താദ്, മഞ്ഞനാടി ഉസ്താദ് തുടങ്ങിയവര്‍ ദര്‍സിലുണ്ടായിരുന്നു.
അല്‍ഫിയ കഴിയുന്നത് വരെ അവിടെയായിരുന്നു. ശേഷം അരീക്കോടിനടുത്ത വെളയില്‍ ദര്‍സില്‍ ചേര്‍ന്ന് 7 വര്‍ഷം അവിടെ ഓതി. പിന്നീടാണ് കാസര്‍കോടെത്തിയത്. ദീര്‍ഘകാലം കാസര്‍കോട് ഖാളിയായിരുന്ന അവറാന്‍ മുസ്‌ലിയാര്‍ (എന്റെ എളാമ്മയുടെ ഭര്‍ത്താവ്) വരാന്‍ പറഞ്ഞത് കൊണ്ടാണിവിടെ എത്തിയത്. യു.കെ ആറ്റക്കോയ തങ്ങള്‍, അന്തുമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. അഞ്ച് വര്‍ഷം അവിടെ ഓതി. മറ്റത്തൂര്‍ ദര്‍സിലേക്ക് പോകുന്ന വഴിയാണ് കോട്ടുമലിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ അടുത്ത് ദര്‍സില്‍ ചേര്‍ന്നത്. (കോട്ടുമല ഉസ്താദിന്റെ നാട് യഥാര്‍ത്ഥത്തില്‍ കാളമ്പാടിയാണ്. ദര്‍സ് നടത്തിയത് കൊണ്ട് കോട്ടുമല എന്നറിയപ്പെട്ടു). ഒരു വര്‍ഷം അവിടെയായിരുന്നു. ഉപ്പാപ്പ ഹജ്ജിന് പോയപ്പോള്‍ വെള്ളിമുക്കില്‍ ഖുതുബയും ദര്‍സും എന്നെയേല്‍പിച്ചു. ബാഖിയാത്തില്‍ പോകാന്‍ ആലോചിക്കുകയായിരുന്നു. അല്‍പം കൂടി കിതാബുകള്‍ തീര്‍ക്കാന്‍ ബാക്കിയുണ്ട്. അങ്ങനെ ഇമ്പിച്ചാലി മുസ്‌ലിയാരുടെ അടുത്ത് കുറ്റിക്കാട്ടൂരില്‍ ഒരു വര്‍ഷം പഠനം നടത്തി. മടവൂര്‍ സി.എം സഹപാഠിയായിരുന്നു. അതിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി. മുഖ്തസര്‍ ബിരുദം (മൂന്നു വര്‍ഷം) പൂര്‍ത്തിയാക്കി. കെ.കെ ഹസ്‌റത്ത് സഹപാഠിയായിരുന്നു. ശേഷം മുതവ്വല്‍ പൂര്‍ത്തിയാക്കി. ഹൈദ്രോസ് മുസ്‌ലിയാര്‍, ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.

കാസര്‍കോട് ഖാളിയെന്ന നിലയിലാണിപ്പോള്‍ എല്ലാവരും ഉസ്താദിനെ അറിയുന്നത്. ഇവിടെ വരുന്നതിന് മുമ്പുള്ള ഉസ്താദിന്റെ ജീവിതം (മുദരിസും ഖതീബുമായി) എങ്ങനെയായിരുന്നു?
വെല്ലൂരില്‍ നിന്ന് വന്ന് വെള്ളിമുക്കിനടുത്ത് കൂമണ്ണയില്‍ ദര്‍സ് തുടങ്ങി. പതിനേഴരക്കൊല്ലം അവിടെയുണ്ടായിരുന്നു. ശേഷം കോഴിക്കോട് മൂര്യാടിലെത്തി. ഇംപീരിയല്‍ ബില്‍ഡിങ് ഉടമ മമ്മൂട്ടി ഹാജിയായിരുന്നു അവിടെ മുതവല്ലി. ഒന്നര വര്‍ഷത്തിന് ശേഷം പാണക്കാടിനടുത്ത് ഊരകം എന്ന സ്ഥലത്തേക്കു മാറി. 3 മൂന്ന് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. പിന്നീട് ചെലൂരില്‍ 2 വര്‍ഷം ദര്‍സ് നടത്തിയതിന് ശേഷം നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പക്ഷെ അല്ലാഹുവിന്റെ വലിയ്യായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം കുണ്ടൂരില്‍ ദര്‍സ് തുടങ്ങി. കുട്ടികള്‍ക്ക് ‘ജലാലൈനി’ ഓതിക്കൊടുത്ത് എന്റെ കയ്യില്‍ തന്ന് ദര്‍സ് നടത്താനാണ് ബാപ്പു മുസ്‌ലിയാര്‍ എന്നോടു പറഞ്ഞത്. അഞ്ചു വര്‍ഷം അവിടെയായിരുന്നു. അതിനിടയില്‍ ആ മഹാന്‍ വഫാത്തായി.

ഉസ്താദ് കാസര്‍കോട് ഖാസിയാവാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു?
ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ എന്നെയേല്‍പിച്ച കുണ്ടൂരിലെ ദര്‍സിലായിരുന്നുവെന്ന് പറഞ്ഞല്ലോ. അദ്ദേഹം വഫാത്തായ ശേഷമാണ് കാസര്‍കോട്ട് നിന്നും പൗരപ്രമുഖരായ കെ.എസ് സുലൈമാന്‍ ഹാജി, ചൂരി ഹാജി തുടങ്ങിയവര്‍ എന്റെയടുത്ത് വന്ന് കാസര്‍കോട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചു. ബാപ്പു മുസ്‌ലിയാര്‍ എന്നെയേല്‍പിച്ച ദര്‍സായത് കൊണ്ട് ഒറ്റയടിക്ക് നിര്‍ത്താനും പറ്റില്ല. പെട്ടെന്ന് ”മാലിക് ദീനാര്‍ പള്ളി കാലിയായിപ്പോകുമല്ലോ” എന്ന് പറഞ്ഞ് ചൂരിഹാജി പൊട്ടിക്കരഞ്ഞു. ഇതൊക്കെ കണ്ടപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമായി. പ്രമുഖ പണ്ഡിതനും കാസര്‍കോട്ട് നീണ്ട കാലം ഖാസിയായിരുന്ന അവറാന്‍ മുസ്‌ലിയാരുടെ അടുത്ത് 5 വര്‍ഷം ഓതിയ പരിചയവുമുണ്ട്. കോട്ടുമല ഉസ്താദും എന്നെ പോകാനാണ് നിര്‍ബന്ധിച്ചത്. അങ്ങനെ കാസര്‍കോട് വരാന്‍ തീരുമാനിച്ചു. 1983 ല്‍ ഞാന്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു.

സമസ്തയുമായി ഉസ്താദ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയത്?
ചെറുപ്പം മുതലേ സമസ്തയുടെ മെമ്പര്‍ഷിപ്പെടുത്തിരുന്നു. ആദ്യം നാലണക്കായിരുന്നു. പിന്നീടത് എട്ടണയായക്കി. സമസ്തയുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ………മുശാവറയിലെത്തി. ——–സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കാസര്‍കോഡ് സെക്രട്ടറിയായി. സി.എം ഉസ്താദിന്റെ മരണത്തോടെ സെക്രട്ടറിയായിരുന്ന ഞാന്‍ പ്രസിഡന്റും യു.എം അബ്ദുറഹ്മാന്‍ മൗലവി സെക്രട്ടറിയുമായി.

സി.എം ഉസ്താദുമായും എം.ഐ.സിയുമായും ഉസ്താദിന്റെ ബന്ധം?
ഞാന്‍ ഇവിടെ വന്നതിന് ശേഷമാണ് സി.എം ഉസ്താദിനെ അറിയുന്നത്. ഞാന്‍ ഖാസിയായി വരുമ്പോള്‍ തന്നെ അദ്ദേഹം ഖാസിയായിരുന്നു. കൂടുതല്‍ ബന്ധപ്പെടാന്‍ തുടങ്ങിയത് കാസര്‍കോട് ജില്ലാ ജംഇയ്യതുല്‍ ഉലമയുടെ സെക്രട്ടറിയായതോടെയാണ്. അദ്ദേഹം പ്രസിഡന്റായിരുന്നു. അപ്പോള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. പിന്നെ രണ്ട് പേരും ഖാസിയായതിനാല്‍ മാസം ഉറപ്പിക്കലും മറ്റും പരസ്പരം ചര്‍ച്ച ചെയ്ത ശേഷമായിരുന്നു. ഞാന്‍ അദ്ദേഹത്തെയും അദ്ദേഹം എന്നെയും വിളിക്കും.
പിന്നെ എം.ഐ.സിയെ പറ്റി പറയുകയാണെങ്കില്‍ തുടക്കം മുതല്‍ ഞാന്‍ എം.ഐ.സിയുടെ ഖജാന്‍ജിയാണ്. സി.എം ഉസ്താദ് വളരെ കഷ്ടപ്പെട്ട് തുടങ്ങിയ സഅദിയ്യ ഒരു വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴേക്കും ചിലയാളുകള്‍ സ്വന്തം ഇഷ്ടപ്രകാരം സിലബസ്സ് മാറ്റി ഭരണം കൈക്കലാക്കിയിരുന്നു. അവിടെ വിട്ട ശേഷം സി.എം നീലേശ്വരം മര്‍കസിലായിരുന്നു. അവിടെ ഒരു യോഗത്തിന് ഞാന്‍ കാറില്‍ പോകുകയായിരുന്നു. മേല്‍പറമ്പിലെത്തിയപ്പോള്‍ ഒരാള്‍ കൈകാട്ടി കാര്‍ നിര്‍ത്തി (അത് തെക്കില്‍ മൂസ ഹാജിയായിരുന്നു. ആ സമയത്ത് എനിക്കദ്ദേഹത്തെ പരിചയമില്ലായിരുന്നു). 4 ചായക്ക് ഓര്‍ഡര്‍ കൊടുത്തു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കല്ലട്ര അബ്ബാസ് ഹാജിയും സി.എം ഉസ്താദും വരാനുണ്ടെന്നും ഒരു പദ്ധതിയെകുറിച്ച് സംസാരിക്കാനുണ്ടെന്നും പറഞ്ഞു. പദ്ധതി പറയാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ വന്നശേഷം പറയാമെന്ന് പറഞ്ഞു. അവര്‍ രണ്ട് പേരും വന്ന ശേഷം മൂസ ഹാജി (ഹാര്‍ട്ടിന്റെ അസുഖമുള്ളയാളാണ് അദ്ദേഹം): പെട്ടെന്ന് തന്നെ നമുക്കൊരു സ്ഥപനം തുടങ്ങണമെന്നും അതിനുള്ള ജോലികള്‍ ആരംഭിക്കണമെന്നും പറഞ്ഞു. നല്ലത് തന്നെ പക്ഷെ ജില്ലാ ജംഇയ്യതുല്‍ ഉലമ യോഗത്തില്‍ സി.എം തന്നെ കാര്യം അവതരിപ്പിക്കണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു ദിവസം യോഗം ചേര്‍ന്നു. എന്റെ റൂമില്‍ തന്നെയായിരുന്നു യോഗം (മാലിക് ദീനാര്‍) അന്ന് സമസ്തക്ക് ഓഫീസുണ്ടായിരുന്നില്ല. സി.എം കാര്യം പറഞ്ഞു എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് റിക്കാര്‍ഡുകള്‍ എന്റെ കയ്യില്‍ തന്നു. എനിക്ക് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടായത് കൊണ്ട് ഞാന്‍ സി.എമ്മിനെ തന്നെ തിരിച്ചേല്‍പിച്ചു. സ്ഥാപനത്തിന്റെ പിരിവിനായി സി.എമ്മിന്റെ കൂടെ ഞാനും പോകുാറുണ്ടായിരുന്നു. രാത്രിയിലായിരുന്നു പോക്ക്. പാദൂറിന്റടുത്തും മറ്റും അന്ന് പോയിരുന്നു.
തളങ്കരക്കാരനായിരുന്ന പാക്കിസ്ഥാന്‍ അബ്ദുല്ലയുടെ മകളുടെ നിക്കാഹിന്ന് എന്നെയദ്ദേഹം ദുബായിലേക്ക് ക്ഷണിച്ചു.
(അദ്ദേഹം ദുബായില്‍ സ്ഥിര താമസമാക്കിയിരുന്നു) ദുബായിലേക്ക് വരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ എളാപ്പ ഇങ്ങനെ പറയില്ലല്ലോ എന്നദ്ധേഹം പറഞ്ഞു. (37 വര്‍ഷം ഇവിടെ ഖാളിയായിരുന്ന എന്റെ എളാമ്മയുടെ ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം എന്റെ ഉസ്താദുമായിരുന്ന അവറാന്‍ മുസ്‌ലിയാരെക്കുറിച്ചാണദ്ധേഹം സൂചിപ്പിച്ചത്) പിന്നെയെനിക്ക് പോകാതെ പറ്റില്ലെന്നായി അങ്ങനെ ഞാന്‍ ദുബായിലെത്തി. വരന്‍ സി.എമ്മിന്റെ സ്ഥലത്തെയാളായിരുന്നു. സി.എമ്മും വന്നിരുന്നു എനിക്ക് 14 ദിവസത്തെ വിസയാണുണ്ടായിരുന്നത്. എനിക്കവിടെന്ന് കടുത്ത പനി വന്നിരുന്നു അവിടെയും എം.ഐ.സിക്ക് വേണ്ടി സി.എമ്മിനൊപ്പം പിരിവിന്ന് പോയിരുന്നു.

ഖാളിയായി സ്ഥനമേറ്റ ശേഷം ഇവിടം എങ്ങനെയനുഭവപ്പെട്ടു? മുസ്‌ലികളുടെ ജീവിത രീതികള്‍, ചുറ്റുപാടുകള്‍, ഇപ്പോള്‍ അതിന്ന് വന്ന മാറ്റങ്ങള്‍?
കാസര്‍കോട് അഞ്ച് വര്‍ഷം ഓതിയ പരിചയം എനിക്കുണ്ടായിരുന്നു. ഇവിടെത്തെ ആള്‍ക്കാര്‍ (പ്രത്യേകിച്ചും പഴയ തലമുറ വളരെ നല്ലവരായിരുന്നു. ദീനീ കാര്യത്തിലും മറ്റും നല്ല ശ്രദ്ധയുള്ളവരായിരുന്നു അവര്‍. മാലിക് ദീനാര്‍ പള്ളി ഉള്ളത് കൊണ്ട് തന്നെ നല്ല ഇസ്ലാമിക അന്തരീക്ഷമായിരുന്നു തളങ്കരയും ചുറ്റുഭാഗങ്ങളും, മാലിക് ദീനാര്‍ പള്ളിയില്‍ ഞാന്‍ വരുന്നതിന്ന് മുമ്പേ ദര്‍സുണ്ടായിരുന്നു. നിരവധി വലിയ പണഡിതര്‍ ഇവിടെ ദര്‍സ് നടത്തിയിരുന്നു. ഞാനും കുറെ കാലം ദര്‍സ് നടത്തി. ആദ്യം പള്ളിയുടെ മുകളിലായിരുന്നു പിന്നീട് കയറിയിറങ്ങാന്‍ ബുദ്ധിമുട്ടായപ്പോള്‍ റൂമില്‍ തന്നെയാക്കി. പിന്നീട് വിദ്യാര്‍ത്ഥികളൊക്കെ കുറഞ്ഞു. ഇപ്പോള്‍ ദര്‍സില്ല. ഇവിടെത്തെ ദീനീ ചുറ്റുപാടുകളില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്, കാലം പുരോഗമിച്ചതോടെ മതപഠനത്തിനും മറ്റും സൗര്യം കൂടി. മാലിക ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പോലെയുള്ള കോളേജുകള്‍ വന്നു. പള്ളികളും മദ്രസകളും ഭദ്രമായ സാമ്പത്തിക സ്ഥിതിയിലായി. അങ്ങനെയുളള മാറ്റങ്ങള്‍…

കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമാണ് മുസ്‌ലും വീടുകളിലെ വിവാഹ ധൂര്‍ത്ത്. ഇതിന് കാരണമായി ഉസ്താദിന് തോന്നുന്നതെന്ത്?
പണം തന്നെ…പണം കൂടിയപ്പോള്‍ അവര്‍ ഒരുപാട് ചിലവഴിക്കാന്‍ തുടങ്ങി. അതൊരു പതിവായപ്പോള്‍ പാവങ്ങള്‍ക്കും വിവാഹത്തിനായി അങ്ങനെ ചെലവാക്കാതെ വയ്യെന്നായി. കയ്യില്‍ പണമില്ലെങ്കിലും വളരെ കഷ്ടപ്പെട്ട് ചിലവാക്കുന്നു. കാശില്ലാത്തവരുടെ പെണ്‍മക്കള്‍ ഈ പ്രവണത മൂലം കണ്ണീരിലാണ്. ഇന്ന് പല വീടുകളും ധൂര്‍ത്ത് കാരണം കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത് സ്ഥിതിയിലാണ്. അത് മാറണം. പണം അല്ലാഹുവിന്റെതാണ്. ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമാണ്. അതിന്റെ ഒരു സൂക്ഷിപ്പുകാരാണ് ഈ പണക്കാര്‍. ഒരു സൂക്ഷിപ്പുകാരന്‍. അത് അല്ലാഹു പറഞ്ഞ മാര്‍ഗത്തിലൂടെ മാത്രമെ ചെലവഴിക്കാന്‍ പറ്റുകയുള്ളൂ… ധൂര്‍ത്ത് ചെയ്യുന്ന പണം പാവങ്ങളുടെ കല്ല്യാണം കഴിപ്പിച്ച് കൊടുക്കുന്നതിന്ന് ഉപയോഗിച്ചാല്‍ അത് വളരെ ഉപകാരമായിരിക്കും ….. പണമുള്ളവര്‍ അങ്ങനെയുള്ള മാനസികാവസ്ഥയിലേക്ക് മാറണം.

സംയുക്ത ജമാഅത്ത് ഖാളിയെന്ന നിലയില്‍ ഇതിനെതിരെ എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക?
സംയുക്ത ജമാഅത്തിലുള്ള എല്ലാ പള്ളികമ്മിറ്റികളിലേക്കും ഇതിന്റെ കാര്യഗൗരവം മനസ്സിലാക്കിക്കൊണ്ട് കത്തയക്കുകയും മഹല്ലില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അത് ഓരോ കമ്മിറ്റികളും ചര്‍ച്ച ചെയ്ത് സ്വന്തം മഹല്ലിലെ അനാചാരങ്ങളും അധാര്‍മ്മികതയും തുടച്ചുനീക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണം. ദീനിന്റെ കാര്യമായതിനാല്‍ കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും മുന്നിട്ടിറങ്ങുകയും മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെ സര്‍വ്വ പിന്തുണയും സഹകരണവുമായി രംഗത്ത് വരികയും വേണം.

ഉസ്താദ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ് ?
എല്ലാ മഹല്ലുകളിലേയും ഖത്വീബുമാരുടെ കൂട്ടായ്മയാണ് ജംഇയ്യത്തുല്‍ ഖുത്വബാഅ്. മഹല്ലുകളിലെ അധാര്‍മ്മികതയും ദുരാചാരങ്ങളും ഉന്മൂലനം ചെയ്ത് ഇസ്ലാമികാന്തരീക്ഷത്തിലുള്ള ഒരു ജീവിത രീതി ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം. വിവാഹദൂര്‍ത്തിനെതിരെ മാത്രമല്ല മഹല്ലുകളിലെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവാക്കളെ നേര്‍വഴി നയിക്കുക. മദ്യം മയക്കുമരുന്ന് തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് സംഘടന കൊണ്ട് ലക്ഷീകരിക്കുന്നത്.

ഇത് എത്രമാത്രം ലക്ഷ്യം കണ്ടിട്ടുണ്ട്?
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പക്ഷെ ഒറ്റയടിക്ക് എല്ലാം നടപ്പില്‍ വരുത്താന്‍ പറ്റില്ലല്ലോ. ഒരു മഹല്ലില്‍ ഇസ്‌ലാമികമായ എല്ലാ കാര്യങ്ങളുടെയും പൂര്‍ണാധികാരം അവിടത്തെ ഖതീബിനായിരിക്കണം. ദീനീ കാര്യത്തില്‍ ഖതീബ പറയുന്നതനുസരിച്ച് നാട് പോകുന്ന രീതി നിലവില്‍ വരണം. എന്നാലേ ഈ ലക്ഷ്യങ്ങള്‍ വിജയം കാണൂ. ഇന്ന ഖതീബുമാര്‍ കേവസം ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്‍ എന്ന നിലയിലേ ജമാഅത്ത് കമ്മിറ്റികള്‍ കാണുന്നുള്ളൂ. അത് മാറി ഇസ്‌ലാമിക കാര്യങ്ങളുടെ ചുക്കാന്‍ ഖതീബിന്റെ കയ്യിലാവണം. തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം ഖതീബും അതില്‍ പങ്കാളിയാവണം. എന്നാലേ ജംഇയ്യതുല്‍ ഖുതബായുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

ഗള്‍ഫ് ഇവിടുത്തെ മുസ്‌ലിംകളെ ഏതു തരത്തില്‍ ബാധിച്ചു?
ഗള്‍ഫ് കൊണ്ട് ഒരുപാടുപകാരങ്ങളുണ്ടായി. ദീനീസ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കുമെല്ലാം സാമ്പത്തിക സ്രോതസ്സായി ഗള്‍ഫ് മാറി. ജീവിത നിലവാരം മെച്ചപ്പെടു. പക്ഷം ധാരാളം ധനം കയ്യില്‍ വന്നപ്പോള്‍ സൂക്ഷിച്ചുപയോഗിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇത് മൂലമുണ്ടായിട്ടുണ്ട്.

കാസര്‍കോട്ടെ മുസ്‌ലിംകള്‍ക്കുള്ള (മറ്റുനാട്ടുകാര്‍ക്കില്ലാത്ത) പ്രത്യേകമായ നല്ല കാര്യമായി ഉസ്താദിന്ന് തോന്നുന്നതെന്താണ് ?
ഇവിടത്തെ മുസ്‌ലിംകള്‍ക്ക് സയ്യിദന്മാരോടും ഉലമാക്കളോടും ബഹുമാനം കൂടുതലാണ്(മറ്റു നാടുകളെക്കാളും). അത് ചിലയിടത്തത് അമിതമായിപ്പോവാറുണ്ട് എന്നതാണ് പ്രശ്‌നം. സയ്യിദുമാരോടുള്ള ബഹുമാനക്കൂടുതല്‍ കാരണം അവരെ ദീനീ കാര്യങ്ങളില്‍ വരെ അംഗീകരിക്കുന്നു (ചിലപ്പോള്‍ സയ്യിദ് ജാഹിലായിരിക്കും). അപ്പോള്‍ അവര്‍ തെറ്റുകളില്‍ ചെന്ന് ചാടുന്നു. സയ്യിദ് ആലിമാണെങ്കില്‍ പ്രശ്‌നമില്ല.

അതു പോലെ മോശമായ കാര്യം?
വിവാഹം നടത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധയും ഗൗരവവും കാണിക്കുന്നില്ല. പെണ്ണിന് എല്ലാ നിലയിലും യോചിക്കുന്നുവെന്നും വരന്‍ നല്ലവനാണെന്നും വിവാഹത്തിന് മുമ്പ് തന്നെ ഗൗരവമായി അന്വേഷിച്ച് ഉറപ്പിക്കണം. പോരായ്മകളും പ്രശ്‌നങ്ങളും മുമ്പേ തന്നെ അറിയണം. അത് ഇവിടത്തുകാര്‍ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ലെന്നാണ് തോന്നുന്നത്. അത് കാണ്ട് തന്നെ മറ്റു നാടുകളെക്കാളും വിവാഹമോചനക്കേസുകളും ഇവിടെ കൂടി വരുന്നുവെന്നാണ് മനസ്സിലാവുന്നത്.

സമസ്തയുടെ കീഴിലുള്ള മദ്രസകളില്‍ വിഘടിതവിഭാഗങ്ങത്തിന്റെ അധ്യപകര്‍ ജോലിയെടുക്കുകയും ക്രമേണ അല്‍പം നാട്ടുകാരെ കൈക്കാലക്കി മദ്രസ രണ്ടാക്കുകയും നാട്ടുകാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇത് സുന്നി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കും തെരുവ് യുദ്ധങ്ങള്‍ക്കും വഴിവെക്കുന്നു. വിദ്യഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഉസ്താദിന്റെ അഭിപ്രായമെന്ത്?
ഒന്നു രണ്ടിടങ്ങളില്‍ മാത്രമാണങ്ങനെ സംഭവിച്ചത്. സദര്‍ മാത്രമല്ല വിഘടിത വിഭാഗത്തിലെ ഒരധ്യാപകനും സമസ്തയുടെ മദ്രസകളില്‍ പഠിപ്പിക്കേണ്ടവരല്ല. പക്ഷെ അധ്യാപകരെ തികയാതെ വരുന്നത് കൊണ്ട് അവരെ നിയമിക്കുന്നു എന്ന് മാത്രം. പക്ഷെ അവര്‍ക്ക് സംഘടനാ പരമായി ഒന്നും ചെയ്യാന്‍ അധികാരമില്ല. കാരണം മദ്രസ സമസ്തയുടെതാണ്. സമസ്തുടെ മദ്രസകളെല്ലാം വഖ്ഫ് സ്വത്താണ്. ഇസ്‌ലാമിന്റെ ശരീഅത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ വാഖിഫ് (വഖ്ഫ് ചെയ്യുന്നയാള്‍) എന്താണോ നിബന്ധന വെക്കുന്നത് (എന്തിന് വേണ്ടിയാണീ വഖ്ഫ്) അതനുസരിച്ച് നീങ്ങണം എന്നാലേ വഖ്ഫ് സ്വഹീഹാവുകയുള്ളൂ. മദ്രസകള്‍ സമസ്തക്ക് വേണ്ടിയാണ് മഹല്ലത്തുകാര്‍ വഖ്ഫ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് അത് മാറാന്‍ പാടില്ല. മദ്രസകള്‍ പിടിച്ചടക്കിയാല്‍ അത് വഖ്ഫ് സ്വത്തിനെ പിടിച്ചടക്കലാവും. വിദ്യാഭ്യാസ ബോര്‍ഡിന്റെ നയവും അതു തന്നെയാണ്.

ഇപ്പോള്‍ വന്‍ ചര്‍ച്ചാ വിശയമായിരിക്കുകയാണ് തിരുകേശമെന്ന പേരില്‍ വിഘടിതര്‍ കൊണ്ട് വന്ന മുടിയും പള്ളിക്ക് വേണ്ടിയുള്ള പിരിവും. ഇതിനെ പറ്റി ഉസ്താദ് എന്ത് പറയുന്നു?
വിഘടിതര്‍ കൊണ്ടുവന്ന മുടി പ്രവാചകന്റേതാണെന്ന് അവര്‍ക്ക് തന്നെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് അതില്‍ വഞ്ചിതരാവരുതെന്നും തെളിയിക്കുന്നത് വരെ അതിനെ തൊട്ട് വിട്ട് നില്‍ക്കണമെന്നുമാണ്(അതിനെ ചര്‍ച്ച ചെയ്യാനോ സഹായിക്കാനോ വെള്ളം കുടിക്കാനോ തുനിയരുതെന്നാണ്) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ തീരുമാനം. കാസര്‍ഗോഡ് എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനത്തില്‍ ഇത് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെ എന്റെ പ്രസംഗത്തില്‍ വെല്ലൂരിലെ മുടിയെക്കുറിച്ചുള്ള പരാമര്‍ശം വിഘടിതര്‍ പകുതി മുറിച്ച് ദുരുപയോഗം ചെയ്യുകയാണിപ്പോള്‍. ബാഖിയാത്തിലൊരു മുടിയുണ്ട്. അതിന് വേണ്ട വ്യക്തമായ സനദില്ലാത്തതിനാല്‍ അത് പുറത്തെടുക്കാറില്ല. ലത്വീഫിയയിലാണ് സനദുള്ള നബി(സ)യുടെ യഥാര്‍ത്ഥ മുടിയുള്ളത്. അത് റബീഉല്‍ അവ്വലില്‍ ബാഖിയാത്തില്‍ കൊണ്ട്‌വന്നാണ് വെള്ളം കൊടുക്കാറ്. ഇതിനെ മുറിച്ച് വെല്ലൂരിലെ മുടിക്ക് സനദില്ലെന്ന് ഞാന്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കുകയാണീ വിഘടിതര്‍. അത് കൊണ്ട് സമസ്തയുടെ തീരുമാനം അംഗീകരിക്കുക.

ഇവിടത്തെ മഖ്ബറ ലോകപ്രശസ്തമാണെങ്കിലും മാലിക് ദീനാര്‍(റ) അല്ല, കൂടെ വന്ന മറ്റാരോ ആണ് ഇവിടെയുള്ളതെന്നും ഒരു വാദമുണ്ട്. വസ്തുതയെന്താണ് ?
ഹിജ്‌റ 21ല്‍ മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രബോധനത്തിന്ന് കേരളത്തില്‍ വന്ന സംഘം ഇവിടെ പത്തോളം പള്ളികള്‍ നിര്‍മിച്ചു.അതിന്റെ എട്ടാമത്തെ പള്ളിയാണിത്. മാലിക് ബ്‌നു ഹബീബിനെ ഇവിടെ ഖാളിയാക്കി അദ്ദേഹം മടങ്ങിപ്പോയി. അതിന് ശേഷം എന്ത് സംഭവിച്ചു എന്നത് രേഖകളില്ല. എന്നാല്‍ ഉബൈദ് സാഹിബിന്റെ ഒരു ഗ്രന്ദത്തില്‍ പറയുന്നത് ഖുറാസാനില്‍ നിന്നു മടങ്ങിവന്ന ശേഷം ഇവിടെ വഫാത്തായി. ഇവിടെത്തന്നെ ഖബറടക്കപ്പെട്ടു എന്നാണ്.
1975ല്‍ മാലിക് ദീനാര്‍ ഉറൂസിന് വന്ന ഈജിപ്തിലെ വലിയ കോടീശ്വരനും പണ്ഡിതനും എല്ലാറ്റിലുമുപരി അല്ലാഹുവിന്റെ വലിയും ആരിഫുമായ ശൈഖ് സാമി അഹ്മദ് ഫര്‍ഹാത്ത് , കശ്ഫിന്റെ ജ്ഞാനമുള്ളയാളായിരുന്നു. ആരെ കണ്ടാലും അയാളുടെ പൂര്‍ണവിവരവും ഏത് സ്ഥലത്തെത്തിയാലും അതിന്റെ പൂര്‍ണചരിത്രവും പറയാന്‍ അദ്ധേഹത്തിന് കഴിവുണ്ടായിരുന്നു. ഉറൂസിന് അദ്ധേഹത്തിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത് ഇന്ന് മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാളിയും എം ഐ സി പ്രസിഡന്റുമായ ത്വാഖാ അഹ്മദ് മൗലവിയാണ്. അന്നിവിടെ ഖാസിയായ അവറാന്‍ മുസ്‌ലിയാര്‍ അദ്ദേഹത്തോട് ഈ മഖ്ബറയെക്കുറിച്ച് സംശയം ചോദിക്കുകയും അദ്ദേഹം ഇത് മാലിക് ദീനാര്‍ തന്നെയാണെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീടൊരിക്കല്‍ സിയാറത്തിന് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ കുറച്ച് കഴിഞ്ഞ ശേഷംഅദ്ദേഹം പറഞ്ഞു ”സംശയിക്കേണ്ട ഇവിടെയുള്ളത് മാലിക് ദീനാര്‍ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവിടെയുള്ളത് മാലിക് ദീനാര്‍(റ)ല്ല എന്നതിന് ഒരു തെളിവുമില്ല. അല്ലാഹുവിന്റെ പഴയ ആരിഫീങ്ങളായിരുന്ന പഴയകാലത്തെ ഖാളിമാരും നാട്ടുകാരുമല്ല പണ്ടു മതലേ അംഗീകരിച്ചു പോന്ന കാര്യമാണിത്. അത് കൊണ്ട് സംശയത്തിന് വകയില്ല….!!!
11.40ന് തുടങ്ങിയ സംസാരം അവസാനിക്കുമ്പോള്‍ 3.10 ആയിരുന്നു. ഒന്നര മണിക്ക് തന്നെ റൂമിലെത്തിയ ചോറിന്റെ പാത്രം അവിടെത്തന്നെയുണ്ട്. ഭക്ഷണം കഴിക്കാതെ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൂന്നര മണിക്കൂര്‍ സ്‌നേഹത്തോടെ മറുപടി പറയുകയായിരുന്നു ഉസ്താദ്..!! വളരെ വൈകി ഉസ്താദ് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കൈ ചുംബിച്ച് ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്ത് സലാം പറഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി.

ടി.കെ.എം ബാവ മുസ്‌ലിയാര്‍: ജ്ഞാനത്തിളക്കത്തിന്‍റെ വേര്‍‌പാട്





സമസ്ത കേരള ജംഇയ്യത്തുല്‍‌ ഉലമയുടെ മുന്‍നിര നേതൃത്വത്തില്‍ പെട്ട മഹാനായിരുന്നു ഞായറാഴ്ച വിടപറഞ്ഞ ശൈഖുനാ ടി.കെ.എം ബാവ മുസ്‌ലിയാര്‍. പാണ്ഡിത്യഗരിമ കൊണ്ടും ആദര്‍ശ ധീരത കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു ഉസ്തദ്. പക്വമതിയായ ഒരു നേതാവ് കൂടി ഉസ്താദില്‍ ദര്‍ശിക്കാനാകും. സമസ്ത വിദ്യാഭ്യാസ ബോഡിന്‍റെ പ്രസിഡണ്ടും കാസര്‍ഗോഡ് ഖാദിയുമായിരുന്നു തൊണ്ടിക്കോടന് മുഹിയിദ്ദീന്‍ എന്ന ടി.കെ.എം. ബാവ മുസ്‌ലിയാര്‍

പണ്ഡിതപാരമ്പര്യം കൊണ്ട് ധന്യമാണ് ഉസ്താദിന്‍റെ നാടും വീടും. മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത പടിക്കലിലെ പള്ളിയാള്‍മാട്ടിലായിരുന്നു മഹാന്‍റെ ജനനം. ബഹുമുഖ പണ്ഡിതനും പറമ്പില് പീടിക ഖതീബുമായിരുന്ന ബീരാന്‍ മുസ്‌ലിയാരാണ് പിതാവ്. മാളിയേക്കല്‍ മൊയ്തു മുസ്‌ലിയാരുടെ മകളായിരുന്നു മാതാവ്.

സ്കൂളില്‍ രണ്ടാം ക്ലാസ് വരെയാണ് ഉസ്താദ് പഠിച്ചത്. അതിന് ശേഷം പിന്നെ ഇല്‍മിന്‍റെ ലോകത്തേക്ക് തിരിഞ്ഞു. നാട്ടുകാരനായ അലവി മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആന്‍ പാരായണം പഠിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ദര്‍സ് പഠനത്തിനിറങ്ങി.

പിതാമഹന്‍ മൊയ്തീന്‍ മുസ്‌ലിയാരാണ് ഉസ്താദിന്‍റെ ആദ്യഗുരു. സൂഫീ മഹാനായിരുന്ന പിതാമഹന്‍ നഖ്ശബന്ദീ ത്വരീഖത്തിലെ മുരീദായിരുന്നു. അക്കാലത്ത് തന്നെ നാട്ടുകാരുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്നു ഉസ്താദിന്‍റെ പിതാമഹന്‍. പ്രശ്ന പരിഹാരങ്ങള്‍, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ ആയിരുന്നു സമീപിച്ചിരുന്നത്.

‘മുതഫര്‍രിദി’ലെ ബാബുല് ഹജ്ജ് വരെ ഓതിക്കഴിഞ്ഞതോടേ പേരക്കുട്ടിയെ ആ മഹാന്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലേക്ക് ഓതാന്‍ പറഞ്ഞയച്ചു. 12 വയസ്സ് മാത്രമായിരുന്നു അന്ന് ഉസ്താദിന്‍റെ പ്രായം. അവിടെ മര്ഹൂം കോമു മുസ്‌ലിയാരായിരുന്നു അന്ന് ദര്‍സ് നടത്തയിരുന്നത്. കോമു മുസ്‌ലിയാരുടെ മരണത്തിന് ശേഷം പനയത്തില്‍ പള്ളിയില്‍ മുദര്‍രിസായി വന്നത് പണ്ഡിതനും പ്രഭാഷകനുമായിരുന്ന പറവണ്ണ മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാരായിരുന്നു. ഒരു വര്‍ഷക്കാലം അദ്ദേഹത്തിന്‍റെ ശിഷ്യനായും ഉസ്താദ് അവിടെ തന്നെ കിതാബോത്ത് തുടര്‍ന്നു.

തുടര്‍ന്ന് അവിടെ നിന്ന് പോയ ഉസ്താദ് വിളയില്‍ കോട്ടുമല കുഞ്ഞീതുമുസ്‌ലിയാരുടെ ദര്സില്‍ ചേര്‍ന്നു. അവിടെ വെച്ചായിരുന്നു ആദ്യമായി ജുമുഅഖുതുബ ഓതിയത്.

പിന്നീട് കാസര്ഗോഡ് എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ബുഖാരി, തുഹ്ഫ, മിശ്കാത്ത്, രിസാല പോലുള്ള കനപ്പെട്ട കിതാബുകള്‍ ഓതിയത് അവിടെ വെച്ചായിരുന്നു. കോട്ടുമല ഉസ്താദിന്‍റെ ദര്സിലും ഒരു വര്‍ഷം ശിഷ്യനായിട്ടുണ്ട്.

അക്കാലത്ത് ഹജ്ജിന് പോകാനൊരുങ്ങിയ പിതാമഹന്‍ വെളിമുക്കിലെ തന്‍റെ ദര്‍സ് ഏല്‍പിച്ചു കൊടുക്കാന്‍ പറ്റിയ ഒരാളെ അന്വേഷിച്ചു. തന്‍റെ പേരമകന്‍റെ പാഠവം തിരിച്ചറിഞ്ഞ പിതാമഹന്‍ ദര്‍സ് ഉസ്താദിനെ ഏല്‍പിച്ചു കൊടുക്കുകയായിരുന്നു. അതിന് ശേഷം പിന്നെ മാങ്ങാട് ദര്‍സിലും ഉസ്താദ് ഓതിയിട്ടുണ്ട്. സി.എം വലിയുല്ലാഹി അവിടെ ജംഉല്‍ ജവാമിഇന്‍റെ സബ്ഖില്‍ ഉസ്താദിന്‍റെ ശരീക്കായി ഉണ്ടായിരുന്നു.

ബിരുദം നേടിയശേഷം ചേളാരിക്കടുത്ത കൂമണ്ണയിലായിരുന്നു ആദ്യമായി ദര്സ് നടത്തിയത്. 17 വര്‍ഷത്തോളം അവിടെ ദര്‍സ് തുടര്‍ന്നു. കണ്ണൂരിലെ മൂര്യാട്ടും മലപ്പുറത്തെ ഊരകത്തും ദര്‍സ് നടത്തിയിട്ടുണ്ട്. ഊരകത്ത് സി.എച്ച് ഉസ്താദിന്‍റെ ഒഴിവിലേക്കായിരുന്നു അദ്ദേഹം നിയമിതനായത്. അതിന് ശേഷം കോട്ടുമല ഉസ്താദിന്‍റെ നിര്‍ദേശപ്രകാരം മലപ്പുറത്തെ തന്നെ കുണ്ടൂരില് ദര്‍സ് നടത്തുന്നുണ്ട്. അവിടെ ദര്‍സ് തുടരുന്നതിനിടെയാണ് കാസര്ഗോട്ടേക്ക് ക്ഷണം വരുന്നത്. കാല്‍നൂറ്റാണ്ടിലേറെ അദ്ദേഹം കാസര്‍ഗോട്ട് തുടര്‍ന്നു.

സമസ്ത മുശാവറ അംഗം, വിദ്യാഭ്യാസ ബോര്‍ഡ് സാരഥി, എസ്.എം.എഫ് പ്രഥമ പ്രസിഡണ്ട് തുടങ്ങി വിവിധ പദവികള്‍ സമസ്തയില് അലങ്കരിച്ചിട്ടുണ്ട്. ശംസുല്‍ഉലമയാണ് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി ഉസ്താദിനെ തെരഞ്ഞെടുത്തത്.

പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് ഉസ്താദ്. മസ്ജിദുകള്‍ക്ക് ഖിബില നിര്‍ണയിക്കാനും മറ്റും ഉസ്താദ് പോകാറുണ്ടായിരുന്നു.

Thursday, 23 May 2013

SKSSF ഖത്തര്‍ ; മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനവും സത്യധാര ലോഞ്ചിംഗ് സമ്മേളന അവലോകനവും മെയ് 24ന്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMfs4BVTwPmeDiM5qYLgAEhQI4lJKUceGi0z1rYWWY-3TL-74R_iuPSlAvSLAputjk5iVlaGhk4buBsIzTu5Sju3zi-1M1nueHqMPqalgugSJzyEhJXVAWq0noUqGZli-nHWLoNjQ1Yf1J/s1600/SKSSF-Qatar.jpg

Thursday, 1 November 2012

ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമസ്ത പ്രസിഡണ്ട്

ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്‍റെ അരുമ ശിഷ്യന്‍


കോഴിക്കോട്:

കഴിഞ്ഞ മാസം വഫാതായ മുന്‍ സമസ്ത പ്രസിഡണ്ട്‌ റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്‍റെ ഒഴിവിലേക്ക് ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരെ നിയോഗിച്ചതായി സമസ്താലയം പത്രകുറിപ്പില്‍ അറിയിച്ചു.ബുധനാഴ്ച കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മുശാവറക്ക്ശേഷം നടന്ന ജനറല്‍ബോഡിയില്‍ ശൈഖുനയുടെ പേര് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുയോഗങ്ങളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.


4-3-1934ല്‍ ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ശൈഖുന ജനിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ മുഫത്തിശും സഹോദരനുമായിരുന്ന ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടങ്ങി പിന്നീട് കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും തുടര്‍ന്ന് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് വിശ്രുത പണ്ഡിത കേസരിയും സമസ്ത പ്രസിഡണ്ഡുമായിരുന്ന റഈസുല്‍ മുഹകികീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠനം തുടരുകയും ചെയ്തു.


കൃത്യ നിഷ്ടയോടെ വിനയാന്വിതനായി ...
നേരത്തെ വേദികളിലെത്തി  തന്‍റെ
കടമ നിര്‍വഹിക്കാന്‍ കാത്തിരിക്കു
ന്നത്  ശൈഖുനായുടെ പ്ര ക്ര്‍ തം.
..


കണ്ണിയത്ത് ഉസ്താദിന് തന്റെ അരുമശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു. വീട്ടില്‍ കൊണ്ട് പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരാളില്‍ നിന്നും ഇത്‌വരെ കടം വാങ്ങിയിട്ടില്ല. ശമ്പളം ചോദിക്കുകയോ ശമ്പളത്തിന്നുവേണ്ടി ജോലി ചെയ്യുകയോ ചെയ്തിട്ടില്ല.
പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ ശിഷന്യനോട് പറഞ്ഞു: 'നീ എന്റെ വീട്ടില്‍ നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം.'
കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരും പ്രധാന ഗുരുനാഥന്‍മാരാണ്.

ബാഖിയാത്തില്‍ പോവാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും കുഴിപ്പുറത്ത് ഒ.കെ.ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയാണ് ചെയ്തത്. അവിടെ വലിയ കിതാബുകള്‍ പഠിക്കുകയും ഒഴിവ് സമയങ്ങളില്‍ വഅള് പറഞ്ഞ് ബാഖിയാത്തില്‍ പോവാനുള്ള പണം സ്വരൂപിക്കുകയും ചെയ്തു.
ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയതിന്ന് ശേഷം 75 വിദേശ വദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റെടുത്തു. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവനരംഗത്ത് 50 വര്‍ഷം തികക്കുകയും ചെയ്തു. പിന്നീട് കാരത്തൂര്‍ ജാമിഅ ബദരിയ്യ പ്രിന്‍സിപ്പാളായുംസേവനമനുഷ്ടിച്ചു. .
 പാരമ്പ ര്യത്തിന്റെ പാതയില്‍:.........സമ
സ്ത മുന്‍ പ്രസിഡണ്ട്‌  റ ഈസുല്‍ ഉലമ
 കാളമ്പാടി  ഉസ്താദിനോപ്പം ശൈഖുനാ
കോയക്കുട്ടി മുസ്ലിയാര്‍  (ഫയല്‍ ഫോട്ടോ )

ആനക്കരയടക്കം പത്ത് മഹല്ലിലെ ഖാളി സ്ഥാനം ഇപ്പോള്‍ വഹിക്കുന്നുണ്ട് . പാലക്കാട് ജില്ലാ സമസ്ത പ്രസിഡണ്ട്, മലപ്പുറം ജീല്ല കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ്യ പരീക്ഷാ ബോര്‍ഡ്, വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ പദവികളും ഇതിനകം ശൈഖുനയെ തേടിയെത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗവുമാണ്.

ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ്‌ അവറുകള്‍ നിരവധി ഇടങ്ങളിലായി ദിക്ര്‍ ഹല്‍ഖകള്‍ നടത്തി വരുന്നുമുണ്ട്. 1988 മുതല്‍ സമസ്ത മുശാവറ അംഗമായും 2001-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായും ശൈഖുനയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ശൈഖുനക്കുള്ളത്. തികച്ചും ഒരു പണ്ഡിത കുടുംബമായ ശൈഖുനയുടെ ആണ്‍മക്കളില്‍ അബ്ദുല്‍ സമദ് ഒഴികെ ഉള്ളവര്‍ ഫൈസിമാരാണ്.നൂര്‍ഫൈസി, നാസര്‍ ഫൈസി, അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ സലാം ഫൈസി എന്നിവരാണവര്‍. .ഹാജറ, സ്വഫിയ്യ എന്നിവരാണ്‌ പെണ്‍ മക്കള്‍.ഇവരുടെ ഭര്‍ത്താക്കന്മാരും ഫൈസിമാരാണ്. രായീന്‍ ഫൈസി, ഉമര്‍ ഫൈസി എന്നിവരാണവര്‍..
ശൈഖുനയുടെ പാരമ്പര്യം അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്ന മൂത്ത മകന്‍ നൂര്‍ഫൈസി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വൈസ്‌ ചെയര്‍മാനും ഫിഖ്‌ഹ്‌ സംബന്ധമായും മറ്റുമുള്ള ഓണ്‍ ലൈന്‍ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്ന പ്രമുഖ പണ്‌ഢിതനുമാണ്‌.. ഇപ്പോള്‍ യു.എ.ഇ റാസല്‍ ഖൈമയിലെ ഒരു മസ്ജിദില്‍ ഖതീബായി സേവനമനുഷ്ടിക്കുകയാണദേഹം.

കഴിഞ്ഞ ദിവസം കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ആസ്ഥാനത് ചേര്‍ന്ന യോഗത്തില്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര് കുമരംപുത്തൂര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കുമ്പള ഖാസിം മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, നിറമരുതൂര്‍ മരക്കാല്‍ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഒ.കുട്ടി മുസ്‌ലിയാര്‍, താഖാ അഹ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.മൂസക്കോയ മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
ശൈഖുന പ്രസിഡണ്ടായതോടെ ഒഴിവ് വന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുതിട്ടുണ്ട്.




Wednesday, 3 October 2012

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശിഷ്യനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാളമ്പാടി ഉസ്താദിനെ അനു്സമരിക്കുന്നു.





ഞാന്‍ ജാമിഅയിലെത്തുന്നത് 1999ലാണ്. കാളമ്പാടി ഉസ്താദിനെകുറിച്ച് മുമ്പ് തന്നെ ധാരാളം കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് ജാമിഅയിലെത്തിയ ശേഷമാണ്. ജാമിഅയിലേക്ക് പ്രവേശനപരീക്ഷക്ക് പോവുകയാണെന്ന് സുഹൃത്തുക്കളോടും പരിചയക്കാരോടും പറഞ്ഞപ്പോഴെല്ലാം അവരില്‍ പലരുടെയും പ്രതികരണം ഇങ്ങനെയായിരുന്നു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ട്, അദ്ദേഹത്തിന്റെ അടുത്താണ് പരീക്ഷക്ക് എത്തുന്നതെങ്കില്‍ ഒന്ന് വിയര്‍ക്കും.


കാളമ്പാടി ഉസ്താദെന്ന കര്‍ക്കശക്കാരനായ ഒരു പണ്ഡിതന്റെ ചിത്രമായിരുന്നു ആ വാക്കുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നത്. എന്നാല്‍ ജാമിഅയിലെത്തി അവിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജീവിതത്തിലൂടെ ആ മഹാന്റെ യഥാര്‍ത്ഥ ചിത്രവും ചരിത്രവും നേരില്‍ കാണാനായി. വിനയത്തിന്റെ ആള്‍രൂപവും ലാളിത്യത്തിന്റെ മറ്റൊരു പേരുമായിരുന്നു യഥാര്‍ത്ഥത്തില്‍ കാളമ്പാടി ഉസ്താദ്.

ഞങ്ങളുടെ ഒരു സുഹൃത്തിന് അമളി പിണഞ്ഞത് ഞങ്ങള്‍ ഇന്നും ഓര്‍ക്കാറുണ്ട്, പ്രവേശനപ്പരീക്ഷക്ക് ജാമിഅയിലേക്ക് വരുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയില്‍നിന്ന് പട്ടിക്കാട്ടേക്കുള്ള ബസില്‍ തൊട്ടടുത്ത സീറ്റില്‍ മടിയില്‍ തലപ്പാവ് ഊരിവെച്ച് മൊല്ലാക്ക എന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മൊല്ലാക്കയുടെ ചോദ്യം, എങ്ങോട്ടാ മുസ്‌ലിയാരേ പോകുന്നത്. ജാമിഅയിലേക്കാണെന്നും പ്രവേശനപരീക്ഷക്ക് പോകുകയാണെന്നും പറഞ്ഞശേഷം ആ സുഹൃത്ത് ഇങ്ങനെ കൂടി പറഞ്ഞു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ടത്രെ, അയാളെയാ പേടി, മറ്റു ഉസ്താദുമാരൊന്നും പ്രവേശനപരീക്ഷയില്‍ അത്ര കര്‍ശനക്കാരല്ലെന്നാ കേട്ടത്. ഏതായാലും നിങ്ങള്‍ ദുആ ചെയ്യണം.

പട്ടിക്കാടെത്തി ബസ് ഇറങ്ങി പ്രവേശന പരീക്ഷക്കായി റൂമിന് മുമ്പില്‍ ഊഴം കാത്ത് നില്‍ക്കുമ്പോഴും ആ സുഹൃത്തിന്റെ പ്രാര്‍ത്ഥന അത് തന്നെയായിരുന്നു, തനിക്ക് പരീക്ഷ നടത്തുന്നത് കാളമ്പാടി ഉസ്താദാവരുതേ എന്ന്. തന്റെ ഊഴമെത്തിയപ്പോള്‍, ഒരു റൂം ചൂണ്ടിക്കാണിച്ച് കണ്‍ട്രോളര്‍ പറഞ്ഞു, അതാ അങ്ങോട്ട് ചെല്ലൂ, കാളമ്പാടി ഉസ്താദിന്റെ അടുത്തേക്ക്. അദ്ദേഹം ആകെ തളര്‍ന്നുപോയി. വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍, തന്നെയും കാത്തിരിക്കുന്നത്, ബസില്‍ കൂടെയുണ്ടായിരുന്ന അതേ മൊല്ലാക്ക. ഒരു വേള, തന്റെ സപ്തനാഡികളും തളര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് ആ സുഹൃത്ത് ഇപ്പോഴും ഓര്‍ക്കാറുണ്ട്.

ശേഷം ജാമിഅയില്‍ പ്രവേശനം ലഭിച്ചശേഷം ആ സുഹൃത്തിനോട് ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, കാളമ്പാടി അത്ര കര്‍ശനമൊന്നുമല്ലെന്ന് മനസ്സിലായില്ലേ. ബസില്‍ വെച്ച് ആളറിയാതെ പറഞ്ഞുപോയ ആ വാക്കിന് അവസാനം ഉസ്താദിനോട് മാപ്പ് ചോദിച്ചാണ് ആ സുഹൃത്ത് ജാമിഅയില്‍നിന്ന് പോയത്.

ധീരമായ നിലാപടുകള്‍

തീരുമാനങ്ങളെടുക്കുന്നതിലെ കണിശതയും എടുത്ത തീരുമാനങ്ങളിലെ ആര്‍ജ്ജവവും ജീവിതത്തിലെ ലാളിത്യവും സമം ചേര്‍ത്തെടുത്തതായിരുന്നു ആ വ്യക്തിത്വം.

എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകരോടൊപ്പം ചില കാര്യങ്ങളിലൊക്കെ ചില നിര്‍ദ്ദേശങ്ങള്‍ വെക്കാനും അഭിപ്രായം ആരായാനുമായി ഉസ്താദിന്റെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നത്, മുസ്‌ലിയാരേ, ഇത് സമസ്തയാണ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ തോന്നുംവിധം തീരുമാനം പറയാനുള്ളതല്ല ഇത്. അത്യാവശ്യമായി വരുന്ന ഘട്ടത്തിലേ സമസ്ത വല്ലതും പറയൂ, പറഞ്ഞാല്‍ പിന്നെ അത് ഒരിക്കലും മാറ്റിപ്പറയേണ്ടി വരാറുമില്ല.

അതായിരുന്നു ഉസ്താദിന്റെയും ശൈലി.



തനിക്ക് ശരിയാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടത് ആരുടെ മുമ്പിലും അദ്ദേഹം സധൈര്യം തുറന്ന് പറയുമായിരുന്നു, എന്നാല്‍ അങ്ങനെ ബോധ്യപ്പെട്ടതേ പറയുമായിരുന്നുള്ളൂ താനും. സമസ്തക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് തോന്നിയപ്പോഴൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ധപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ അതിശക്തമായി തങ്ങളുടെ നിലപാട് അറിയിക്കാന്‍ അദ്ദേഹം മടിക്കാറില്ലായിരുന്നു. തങ്ങന്മാരോട് ഉസ്താദിന് ഏറെ ആദരവായിരുന്നു. എന്നാല്‍ എല്ലാ ആദരവും സൂക്ഷിച്ചുകൊണ്ട് തന്നെ, അവരോട് പോലും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.

ലാളിത്യത്തിന്റെ മനുഷ്യരൂപം

പരമോന്നത പണ്ഡിതസഭയുടെ അമരത്തിരിക്കുമ്പോഴും ആ ലാളിത്യത്തിന് ആക്കം കൂടുന്നതാണ് കേരളം കണ്ടത്. അതാണല്ലോ ഉഖ്റവിയ്യായ പണ്ഡിതന്റെ ലക്ഷണവും. പരിപാടികള്‍ക്ക് ക്ഷണിക്കാനായി സംഘടാകര്‍ വരുമ്പോള്‍, ഞങ്ങള്‍ കാറ് അയക്കാമെന്ന് പറയുമ്പോഴൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു, അതിനൊക്കെ കുറേ കാശ് ആവില്ലേ, ബസില്‍ വന്നാല്‍ പോരേ എന്ന്.

ഉസ്താദ് ബസിലും ഓട്ടോറിക്ഷയിലുമായി യാത്രകള്‍ ചെയ്യുന്നത് കണ്ട ഞങ്ങള്‍ ഫൈസിമാര്‍ ഉസ്താദിന് വേണ്ടി ഒരു കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ഒരിക്കല്‍ ആലോചിച്ചു. ഉസ്താദിനെ കാര്യം സമ്മതിപ്പിക്കാന്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് ശ്രമിച്ചത്. പക്ഷേ, എത്ര തന്നെ പറഞ്ഞിട്ടും, ഉസ്താദ് അത് സമ്മതിച്ചില്ല, അതിന്റെയൊന്നും ആവശ്യമില്ല മുസ്‌ലിയാരേ എന്ന സരസശൈലിയിലെ മറുപടിയായിരുന്നു അവിടന്ന് കിട്ടിയത്.

ആ ലാളിത്യം വേഷത്തിലും കാണാമായിരുന്നു. പളപളാ മിന്നുന്ന ഉടുപ്പുകളോ വെട്ടിത്തിളങ്ങുന്ന തലപ്പാവോ ഒരിക്കല്‍ പോലും അവിടന്ന് ഉപയോഗിച്ചിട്ടില്ല. സമസ്തയുടെ പ്രസിഡണ്ടായ ശേഷം പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പച്ച വല്ലി ഉപയോഗിക്കാന്‍ തുടങ്ങിയത്. വല്ലിയെക്കുറിച്ച് പലപ്പോഴും ഉസ്താദ് ഇങ്ങനെ പറയാറുണ്ടായിരുന്നു, ഇത് കാശ് കൊടുത്താല്‍ ടെക്സ്റ്റൈല്‍സില്‍നിന്ന് ആര്‍ക്കും കിട്ടും, അത് ധരിക്കാനുള്ള അര്‍ഹതയുണ്ടാവലാണ് പ്രധാനം.



ഉസ്താദിന്റെ രണ്ട് കുട്ടികള്‍ അപകടത്തില്‍ മരണമടഞ്ഞത് ഞങ്ങള്‍ ജാമിഅയില്‍ പഠിക്കുന്ന കാലത്തായിരുന്നു. വിവരമറിഞ്ഞ് ഞങ്ങള്‍ ഉസ്താദിന്റെ വീട്ടിലേക്ക് പോയി. പണ്ഡിതകാരണവരുടെ ആ കൊച്ചുവീട്ടിലേക്ക് നേരാം വണ്ണം റോഡ് പോലുമില്ലായിരുന്നു എന്നത് ഞങ്ങളെ ഏറെ അല്‍ഭുതപ്പെടുത്തി. മക്കള്‍ പിരിഞ്ഞ ദുഖം അല്‍പം പോലും പുറത്ത് കാണിക്കാതെ, തിരിച്ചുപോരുന്ന ഞങ്ങള്‍ക്ക് വെളിച്ചം കാണിക്കാനായി ടോര്‍ച്ചും കൈയ്യിലേന്തി ഞങ്ങളോടൊപ്പം നടന്നുവന്ന ആ ലാളിത്യത്തെ അളക്കാന്‍ ഏത് മാപിനിയാണ് നമ്മുടെ കൈയ്യിലുള്ളത്. മക്കളുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞ് ദുഖം ഘനീഭവിച്ച മുഖത്തോടെ തളര്‍ന്ന മനസ്സോടെ തിരിച്ചെത്തുന്ന ഉസ്താദിനെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്. എന്നാല്‍, യാതൊന്നും പുറത്ത് കാണിക്കാതെ, ഇന്നാലില്ലാഹിയില്‍ കാര്യങ്ങളെല്ലാം ഒതുക്കിയ ഒരു യഥാര്‍ത്ഥ സ്വൂഫിവര്യനെയാണ് അന്ന് ഞങ്ങള്‍ക്ക് കാണാനായത്.

ഹൃദ്യമായ ക്ലാസുകളും സൂക്ഷ്മതയും

അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ ഹൃദ്യവും അതിലേറെ ഗഹനവുമായിരുന്നു. തുഹ്ഫയായിരുന്നു ഞങ്ങള്‍ക്ക് പ്രധാനമായും എടുത്തിരുന്നത്. പൊതുവെ അല്‍പം പ്രയാസമേറിയതാണല്ലോ തുഹ്ഫ. എന്നാല്‍ അത് പോലും അതിഹൃദ്യമായും വളരെ ലളിതമായും അദ്ദേഹം അവതരിപ്പിക്കുന്നത് ഏറെ അല്‍ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. നാടന്‍ ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിച്ചുതന്നത് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിവിധ വിഷയങ്ങളിലൂടെ വിവരണം കടന്നുപോവുമ്പോള്‍ ആ വിജ്ഞാനസാഗരത്തിന് മുന്നില്‍ പലപ്പോഴും ഞാന്‍ കണ്ണ് മിഴിച്ചിരുന്നിട്ടുണ്ട്. ഞാനായിരുന്നു പലപ്പോഴും ക്ലാസില്‍ കിതാബ് വായിച്ചു കൊക്കാറുണ്ടായിരുന്നത്. വിവരണത്തില്‍ മുഴുകി ചിലപ്പോഴൊക്കെ വായിക്കുന്നത് പോലും മറന്ന് ഒരുനിമിഷം അങ്ങനെ ഇരുന്ന് പോകും, ഉടനെ വരും ആ ശബ്ദം, മുസ്‌ലിയാരേ, അന്തം വിട്ടിരിക്കാനുള്ളതല്ല ഈ സമയം, 140 കുട്ടികളുണ്ട് ഇവിടെ, നിങ്ങള്‍ ഒരു മിനുട്ട് വായിക്കാതെ ഇരുന്നാല്‍ 140 മിനുട്ടാണ് നഷ്ടപ്പെടുന്നത്.

സമയത്തിന് അത്രമേല്‍ പ്രാധാന്യവും മൂല്യവും കല്‍പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതികളൊക്കെയും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്. ആ അവശതകള്‍ക്കിടയിലും ഒരിക്കലും ക്ലാസ് മുടക്കാറില്ലായിരുന്നു. മുകളിലെ നിലയിലെ ക്ലാസ് റൂമിലേക്ക് കയറാന്‍ സാധ്യമാവാതെ വരുമ്പോള്‍ കുട്ടികളെ താഴെയുള്ള പള്ളിയിലേക്ക് വിളിച്ചുവരുത്തി ക്ലാസ് എടുക്കാറായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന കര്‍ക്കശമായ സൂക്ഷ്മതക്കൊപ്പം വിജ്ഞാനത്തിനായി സമയം ചെലവഴിക്കുകയെന്ന അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു അതിന് പിന്നില്‍. വിജ്ഞാനം ആര്‍ജ്ജിക്കുകയും അത് പ്രസരണം ചെയ്യുകയും ചെയ്യുക എന്നതിലുപരി ആ ജീവിതത്തില്‍ വേറെ മോഹങ്ങളില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബൈ ഔഖാഫിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഉസ്താദിനും ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, അതിലൊന്നും കാര്യമായ താല്‍പര്യം കാണിക്കാതെ മാറിനില്‍ക്കാനായിരുന്നു ഉസ്താദ് ശ്രമിച്ചത്.

പ്രകടനപരതയില്ലാത്ത ആത്മീയത

ആത്മീയതയുടെ പ്രകടനപരതയില്‍ ഒട്ടുമേ വിശ്വസിക്കാത്തതായിരുന്നു ആ പ്രകൃതവും ജീവിതവും. മനസ്സില്‍ സദാസമയവും ദിക്റും തസ്ബീഹുമായി നടന്നപ്പോഴും ആ കൈയ്യില്‍ ഒരു തസ്ബീഹ് മാല പോലും കാണാമായിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും കൈയ്യില്‍ തസ്ബീഹ് മാലയുമായി നടക്കുന്ന എത്രയോ ആളുകളേക്കാള്‍, അല്ലാഹുവിങ്കല്‍ സ്വീകാര്യരാവുന്നത് പകലന്തിയോളം പാടത്ത് പണിയെടുത്ത് അഞ്ച് നേരം കൃത്യമായി നിസ്കാരം നിര്‍വ്വഹിക്കുന്നവരായിരിക്കുമെന്ന് ഉസ്താദ് ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.

ചില വിദ്യാര്‍ത്ഥികളൊക്കെ പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതെ സ്വലാതും ദിക്റുമായി കൈയ്യില്‍ തസ്ബീഹ് മാലയും പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, മുസ്‌ലിയാരേ, ഈ തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല, കിതാബ് ഓതിപ്പഠിക്കണം, കിതാബ് ഓതുന്നതിനേക്കാള്‍ വലിയ വേറെ ഇബാദതൊന്നുമില്ല.



ചിലരൊക്കെ പഠിക്കുന്നുവെന്ന് വരുത്താനായി, സംശയങ്ങളുമായി ഉസ്താദിന്റെ റൂമിലെത്തും. അങ്ങനെ വരുന്നവര്‍ക്ക് വിഷയത്തില്‍ എത്രമാത്രം ധാരയുണ്ടെന്ന് ഒറ്റ ചോദ്യത്തിലൂടെ ഉസ്താദ് മനസ്സിലാക്കും. ശേഷം, ലൈബ്രറി ചൂണ്ടിക്കൊണ്ട് പറയും, മുസ്‌ലിയാരേ, ആ കാണുന്നതെന്താണെന്നറിയോ, കുതുബ്ഖാന. അവിടെ കുറെ കിതാബുകളുണ്ട്, അതിലുണ്ട് ഇതിനൊക്കെയുള്ള മറുപടി, അതൊക്കെ പോയി നോക്കുക, എന്നിട്ടും തിരിഞ്ഞില്ലെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതി.

അധ്യാപനത്തോടൊപ്പം സംസ്കരണം കൂടിയായിരുന്നു ഈ വാക്കുകളിലൂടെ അവിടന്ന് നിര്‍വ്വഹിച്ചത്.

ഒരിക്കല്‍ തറാവീഹിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രവാചകരുടെ കാലത്ത് എന്ത് കൊണ്ട് വ്യവസ്ഥാപിതമായി അത് ജമാഅതായി നിര്‍വ്വഹിക്കപ്പെട്ടില്ലെന്ന് ഉസ്താദ് വിശദീകരിച്ചത് ഞാന്‍ ഇന്നും ഓര്‍ത്തുപോവുന്നു. ഇസ്‌ലാമിക സംസ്കാരത്തിന്റെ ഉല്‍ഭവത്തിന്റെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളെ അനാവരണം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു, ഓരോ സംസ്കാരത്തിനും രാഷ്ട്രത്തിനും സമൂഹത്തിനും അതിന്റെ ഉല്‍ഭവത്തിലും വികാസത്തിലും അതിന്റേതായ മുന്‍ഗണനാക്രമമുണ്ട്. അതനുസരിച്ചേ അതൊക്കെ നടക്കാവൂ. ഓരോ കാര്യങ്ങള്‍ക്കും അതിന്റെ സമയാവേണ്ടതുണ്ട്. തറാവീഹ് നിസ്കാരവും അത് ജമാഅതായി നിര്‍വ്വഹിക്കലുമൊക്കെ ഇസ്‌ലാമിക ആരാധനാകര്‍മ്മങ്ങളുടെ സൌകുമാര്യതയും സൌന്ദര്യവുമാണ്. അത് നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത് ഉമര്‍(റ)വിന്റെ കാലത്താണ്. ആഭ്യന്തരപ്രശ്നങ്ങളാല്‍ ഏറെ കലുശിതമായിരുന്ന അബൂബക്റ് (റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല.

പാരമ്പര്യവിഷയങ്ങളെ താത്വികമായി എങ്ങനെ അവലോകനം ചെയ്യാമെന്ന ഏറ്റവും വലിയ പാഠമായിരുന്നു അതിലൂടെ ഉസ്താദ് ഞങ്ങള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബെഗോവിച്ചിന്റെ ഇസ്‌ലാം രാജമാര്‍ഗ്ഗം വായിച്ചപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സമാനവായന എനിക്ക് അവിടെ കാണാനായി. അപ്പോള്‍ അറിയാതെ എന്റെ മനസ്സ് കാളമ്പാടി ഉസ്താദിന്റെ ആ വാക്കുകളിലേക്ക് മടങ്ങിപ്പോയി, പരമ്പരാഗത ഗ്രന്ഥങ്ങള്‍ മാത്രം ഓതിപ്പഠിച്ച ആ മഹാപണ്ഡിതന്‍ തന്റെ സ്വതസിദ്ധശൈലിയിലൂടെ അന്ന് അവതരിപ്പിച്ചതും ഇതു തന്നെയായിരുന്നില്ലേ എന്ന് വീണ്ടും വീണ്ടും ഞാന്‍ ഓര്‍ത്തുപോയി.

ആ സ്മരണകള്‍ക്ക് മുമ്പില്‍ ഒലിക്കുന്ന കണ്ണുകളെ നിയന്ത്രിക്കാനാവുന്നില്ല. കേരളീയ മുസ്‌ലിം സമൂഹത്തിന് തണല്‍വിരിച്ച് നിന്ന് ഒരു വടവൃക്ഷമാണ് ഇതിലൂടെ നഷ്ടമാവുന്നത്.

ആ ഭൌതികപൂമേനി ആറടി മണ്ണിലേക്ക് വെക്കുമ്പോള്‍, മുമ്പൊരു അറബി കവി ചോദിച്ചതാണ് എനിക്കും ചോദിക്കാനുള്ളത്, എങ്ങനയാണ് ആ വിജ്ഞാനസാഗരം നിങ്ങള്‍ക്ക് മണ്ണിലേക്ക് വെക്കാന്‍ കഴിയുന്നത്, ആ വിജ്ഞാനകോശത്തിന് മുകളിലേക്ക് മണ്ണ് വാരിയിടാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് സാധിക്കുന്നത്.

ആ വിയോഗം നിമിത്തമുള്ള സമൂഹത്തിലെ വിടവ് നാഥന്‍ നികത്തുമാറാവട്ടെ..

അല്ലാഹുമ്മ ലാ തഹരിംനാ അജ്റഹു.. വലാ തഫ്തിന്നാ ബഅ്ദഹു…അല്ലഹുമ്മ ലാ തഫ്തിന്നാ ബഅ്ദഹ്……….







-ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജനറല്‍സെക്രട്ടറി


-തയ്യാറാക്കിയത്- മജീദ് ഹുദവി പുതുപ്പറമ്പ്